കുമരനെല്ലൂർ പ്രദേശത്തായിരുന്നു ഉറിയൻ
മഠത്തിൻറെ ഇല്ലം. സാമാന്യം സമ്പത്തുണ്ടായിരുന്ന ഒരു തറവാടായിരുന്നു അത്. ഇല്ലത്തെ കാരണവരായ ദാമോദരൻ നമ്പൂതിരിക്ക് വാതസംബന്ധമായ ഉപദ്രവങ്ങൾ ബാധിച്ചു. നാട്ടു ചികിത്സ കൊണ്ടൊന്നും അസുഖത്തിന് കുറവ് കണ്ടില്ല. രോഗം ക്രമേണ വർദ്ധിച്ചു വന്നു. മഠത്തിനു എഴുനേൽക്കാൻ പോലും വയ്യാത്ത വിധത്തിൽ ഇരു കാലുകളും തളർന്നു വിവശമായി. കൈവിരലുകളും മരവിച്ചു കയറി. കഠിനമായ ഹൃദയ വ്യഥയോടുകൂടി അദ്ദേഹം കിടന്ന കിടപ്പിൽ ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു തുടങ്ങി. പണത്തിന്റെ കാര്യത്തിൽ അല്പം പിശുക്കനായിരുന്നു അദ്ദേഹം. എങ്കിലും നിത്യേന ഓരോ പിടി വെള്ളി ഉറുപ്പിക വഴിപാടായി ഗുരുവായൂരപ്പന് ഉഴിഞ്ഞു വച്ചിരുന്നു. സഹസ്രം തികയുമ്പോൾ ആ കിഴി ഗുരുവായൂർ സോപാനത്തിൽ സമർപ്പിക്കാമെന്നായിരുന്നു പ്രാർത്ഥന. ഒരു വർഷത്തിനുള്ളിൽ കിഴിയിൽ സംഖ്യ തികഞ്ഞു. രണ്ടു അമാലന്മാരുടെ സഹായത്താൽ ഉറിപോലെ ഒരു ഞാത്ത് കെട്ടിയുണ്ടാക്കി അദ്ദേഹം അതിലിരുന്ന് ഗുരുവായൂർക്കു പുറപ്പെട്ടു. സഹായത്തിനു കൂടെ ഒരു കുട്ടിപട്ടരും.ഗുരുവായൂരിലെത്തി അവിടെ ബന്ധുവായ ഒരു കീഴ്ശാന്തിയുടെ മഠത്തിൽ താമസിച്ചു. അന്ന് രാത്രി അദ്ദേഹത്തിന് സ്വപ്ന ദർശനമുണ്ടായി
"പെൺകൊട കഴിച്ചുകൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു ബ്രാഹ്മണൻ അങ്ങയെ സമീപിക്കും എനിക്കുഴിഞ്ഞുവച്ച സഹസ്രം കിഴി അദ്ദേഹത്തിന് കൊടുത്തേക്കു എനിക്ക് തൃപ്തിയാണ്".
പക്ഷെ മഠത്തിനു തൻറെ സ്വപ്നദർശനത്തിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. പണക്കിഴി താൻ തന്നെ നടക്കൽ വെക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു.
ദരിദ്ര ബ്രാഹ്മണന് അന്ന് രാത്രി ഒരു സ്വപ്ന ദർശനം ഉണ്ടായി.
"രാവിലെ ഉറിയൻമഠം കുളക്കടവിൽ കുളിക്കുന്നത് കാണാം പടവിൽ ഒരു ചുവന്ന സഞ്ചി വച്ചിരിക്കും അങ്ങ് അതെടുത്ത് ഓടി രക്ഷപ്പെടുക".
അനേകം ദിവസങ്ങളായി ഗുരുവായൂർ ഭജനയുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണൻ ഉണർന്നു.
"ഹേയ്, സ്വപ്നം കണ്ടത് ശരിയായിരിക്കാം പക്ഷെ താനെങ്ങിനെ ഒരു മോഷ്ടാവാകും. രോഗിയായ മഠത്തിന്റെ മുതൽ കക്കുന്നത് അതിലും വലിയ പാപം. പോരാത്തതിന് അത് ഗുരുവായൂരപ്പനുള്ള വഴിപാടും". അദ്ദേഹം ഒന്നുകൂടി മയങ്ങി. പിന്നെയും സ്വപ്നം കാണുന്നു.
" മംഗലം മൂസ്സ് ഒട്ടും സംശയിക്കേണ്ട മഠത്തിന്റെ കിഴി എനിക്കുള്ളതാണ് ഞാൻ സന്തോഷത്തോടെ അത് അങ്ങേക്ക് തരുന്നു. അതെടുത്തുകൊള്ളൂ"
നമ്പൂതിരിക്ക് പിന്നീട് ഒട്ടും സംശയം തോന്നിയില്ല.അദ്ദേഹം നേരെ കുളക്കടവിലേക്കു നടന്നു. അവിടം മിക്കവാറും വിജനമായിരുന്നു. കല്പടവിൽ ഉറിയാൻ മഠം ഇരിക്കുന്നുണ്ട്. സഹായി കുട്ടിപ്പട്ടർ അവിടെയുണ്ടായിരുന്നില്ല. കടവിൽ ഒരുഭാഗത്ത് വച്ചിരുന്ന ചുവന്ന സഞ്ചിയുമെടുത്തുകൊണ്ടു പടവുകൾ ഓടിക്കയറി അദ്ദേഹം മറഞ്ഞു. സഞ്ചി എടുക്കുന്നതുകണ്ട ഉറിയാൻ മഠം "കള്ളൻ കള്ളൻ" എന്ന് വിളിച്ചുകൂവി . രണ്ടു കൈകളും കുത്തി അദ്ദേഹം സാവധാനം എഴുനേറ്റു അവിടെനിന്നും പടവുകൾ കയറി അദ്ദേഹവും പാഞ്ഞുതുടങ്ങി. കള്ളൻറെ പിന്നാലെ പാഞ്ഞ മഠം മൂന്ന് പ്രദക്ഷിണം വച്ചു. കള്ളൻ പോയ വഴി കണ്ടില്ല. പരിക്ഷീണനായ അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ട് കൊടിമരച്ചുവട്ടിൽനിന്നു കണ്ണടച്ചു തൊഴുതു .
ഭഗവാനേ!! ഇത്രയും സ്വരൂപിച്ചു കൊണ്ടുവന്ന പണക്കിഴി കള്ളൻ കൊണ്ടുപോയില്ലേ?
അദ്ദേഹത്തിന്റെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങി.
"ഹേ മഠം , ആ പണം എന്റേതല്ലേ? ഞാനാണ് അത് ബ്രാഹ്മണന് കൊടുത്തത്. പരസഹായം കൂടാതെ അനങ്ങാൻ വയ്യാതിരുന്ന അങ്ങ് ഇപ്പോൾ എത്ര ദൂരം ഓടി. അങ്ങയുടെ വാതരോഗം നിശ്ശേഷം സുഖപ്പെട്ടില്ലേ?
ഇനിയെന്താ വേണ്ടത് ? വേഗം ഇല്ലത്തേക്ക് പൊയ്ക്കൊള്ളൂ". അപ്പോഴാണ് തനിക്കു തനിക്കു സംഭവിച്ച അത്ഭുതകരമായ രോഗശമനത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്നത്. ഹരേ നാരായണാ. ഗോവിന്ദാ .... എന്നുറക്കെ ജപിച്ചു കൊണ്ട് അദ്ദേഹം ആ നടക്കൽ വീണു തൊഴുതു. അമാലന്മാരെയും കുട്ടിപ്പട്ടരെയും തിരിച്ചയച്ച് ഒരു മണ്ഡലക്കാലം മുഴുവൻ ഭജനയുമായി ഉറിയൻ മഠം ഗുരുവായൂരിൽത്തന്നെ താമസിച്ചു. ഉറിയിലേന്തിവന്ന മഠം എന്നർത്ഥത്തിൽ അദ്ദേഹം ഉറിയൻ മഠം എന്ന പേരിൽ അറിയപ്പെട്ടു.
ഓം നമോ ഭഗവതേ വാസുദേവായ!