വീടിന്റെ ദർശനം എങ്ങോട്ടാകണം, തെറ്റായ ദിശയിൽ ദർശനമായാലുള്ള പ്രശ്‌നങ്ങളെന്തൊക്കെ, വാസ്തുവിൽ പറയുന്നതിങ്ങനെ
വീട് നിർമ്മിക്കുന്നതിന് വാസ്തു നോക്കുന്നവർ പ്രധാനമായി ശ്രദ്ധിക്കുന്ന ഒന്നാണ് വീടിന്റെ ദർശനം എങ്ങോട്ടുവേണം എന്നത്. ഭാരതീയ വാസ്‌തു ശാസ്ത്രമനുസരിച്ച് കിഴക്ക് ദർശനമാണ് വീടിന് ഏറ്റവും ഉത്തമമായി കരുതിപ്പോരുന്നത്. എന്നാൽ മാറിയ ജീവിത സാഹചര്യങ്ങളിൽ അങ്ങനെ പൂർണമായി ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ വടക്കും പടിഞ്ഞാറും ദർശനങ്ങൾ അനുവദനീയമാണ്. ദർശനങ്ങളെല്ലാം വഴി, പാടം, നദി എന്നിവയ്ക്ക് അഭിമുഖമാകുന്നത് ഐശ്വര്യകരമാണെന്നാണ് വിശ്വാസം.
വീടിന്റെ ദർശനം ഒരിക്കലും തെക്കോട്ട് ആകരുതെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. എന്നാൽ തെക്കുവശത്ത് നദിയുണ്ടെങ്കിൽ ആ നദിക്ക് അഭിമുഖമായി വരുന്നത് ദോഷമകറ്റും.
അഥവാ ദർശനം തെറ്റായ ദിശയിലാണെങ്കിൽ അത് പരിഹരിക്കുന്നതിനും മാർഗമുണ്ട്. നദിക്ക് അഭിമുഖമല്ലാത്ത രീതിയിൽ വീടിന്റെ ദർശനം തെക്കുദിശയിലാണെങ്കിൽ അവിടുത്തെ വാതായനം മതിൽകെട്ടി അടയ്ക്കുന്നത് ഗുണം ചെയ്യും. വീടിന്റെ ദർശനം ഒരിക്കലും ക്ഷേത്ര കൊടിമരത്തിന്റെ നേരെയാകരുത് എന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു. പടിഞ്ഞാറാണ് ദർശനമെങ്കിൽ തെക്കുഭാഗത്ത് പുളിമരം നടുന്നത് ദോഷങ്ങളകറ്റും എന്നും വിശ്വസിക്കപ്പെടുന്നു. പ്രധാനവാതിലിന് നേരെ ഒരിക്കലും കൂവളം, അരയാൽ, ചെത്തി, തമ്പ് എന്നീ വൃക്ഷങ്ങൾ വരാൻ പാടില്ല എന്നും വാസ്തുവിൽ പറയുന്നു.